റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്, വിഷയത്തിൽ ചർച്ച ചെയ്‌ത് പരിഹാരം കാണും; മന്ത്രി കെ ബി ഗണേഷ് കുമാർ
പാലക്കാട് അപകടത്തില്‍ മരിച്ച 4 വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നു നാളെ പാലക്കാട് പോകും റോഡിനെ സംബന്ധിച്ച് അടിയന്തരമായി പരിഹാരം കാണും ഇത്തരം ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തരാനായി ആവശ്യപ്പെടുമെന്നും മന്ത്രി പ്രതികരിച്ചു
കോൺട്രാക്ടർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.ദേശീയ പാത അതോററ്റി റോഡ് ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നാണ് തനിക്ക് മനസിലായിട്ടുള്ളത്ത്. ഇതൊക്കെയാണ് കുഴപ്പങ്ങൾക്ക് കാരണം. ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങിവന്ന് സൈറ്റിൽ നിന്നാണ് റോഡുകൾ ഡിസൈൻ ചെയ്യേണ്ടത്. യാതൊരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കുന്നില്ല. പ്രാദേശികമായ പ്രശ്നങ്ങൾ കേട്ടിട്ട് വേണം റോഡുകൾ ഡിസൈൻ ചെയ്യാൻ മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പനയമ്പാടത്ത് ലോറി അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുന്നു. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്‍റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല. അധികം പഴക്കമില്ലാത്ത വണ്ടിയാണ്. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ വ്യക്തമാക്കിയിരുന്നു.മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് മറിഞ്ഞ ലോറിയുടെ ഡ്രൈവറുടെ മൊഴി. റോഡിൽ തെന്നലുണ്ടായിരുന്നു. ചാറ്റൽ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നാണ് ഡ്രൈവര്‍ പറയുന്നത്.