ചാണ്ടി ഉമ്മന്റെ പരാതി അവഗണിക്കാന്‍ സതീശന്‍ പക്ഷം; ചാണ്ടി ഉമ്മന് ചെന്നിത്തല ഉള്‍പ്പെടെ നല്‍കുന്ന പിന്തുണ സതീശന്‍ വിഭാഗത്തിനെതിരായ നീക്കമോ?
ചാണ്ടി ഉമ്മനെ അവഗണിക്കാന്‍ നീക്കവുമായി സതീശന്‍ ഗ്രൂപ്പ്. പാലക്കാട് ചുമതല നലകിയില്ലെന്ന ചാണ്ടി ഉമ്മന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇന്നലെ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസ്താവനയാണ് സതീശന്‍ വിഭാഗത്തെ ചൊടുപ്പിച്ചത്. അതേസമയം അവഗണനയുണ്ടായെന്ന് ചാണ്ടി ഉമ്മന്‍ ആവര്‍ത്തിച്ചു.
പുനസംഘടനയ്ക്ക് മുന്‍പ് സതീശന്‍ വിഭാഗം പാര്‍ട്ടിക്കുള്ളില്‍ പിടിമുറുക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതോടെയാണ് ചാണ്ടിയെ മുന്‍നിര്‍ത്തി പഴയ ഗ്രൂപ്പുകള്‍ക്ക് അതീതമായുള്ള നീക്കം മറുവിഭാഗം നടത്തുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കാതിരുന്നത് ചില നേതാക്കളുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് ചാണ്ടി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പരസ്യ പ്രതികരണത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. സംഭവം വിവാദമായതോടെ പാര്‍ട്ടിക്കെതിരെ അല്ലെന്ന് പറഞ്ഞു നിലപാട് മയപ്പെടുത്തിയെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ചാണ്ടി പിന്നോട്ട് പോയിട്ടില്ല.
എന്നാല്‍ ചാണ്ടി ഉമ്മനെ അപ്പാടെ അവഗണിക്കാനാണ് സതീശന്‍ വിഭാഗത്തിന്റെ തീരുമാനം. ചാണ്ടിയുടെ പരാതിക്ക് പോലും അടിസ്ഥാനമില്ലെന്നാണ് സതീശന്‍ പറയുന്നത്. അതുകൊണ്ടുതന്നെ മറുപടി പോലുമില്ലെന്ന് പറയുന്നതിലൂടെ അവഗണന വ്യക്തമാണ്. ചാണ്ടിയെ തള്ളി മുതിര്‍ന്ന നേതാവ് പിജെ കുര്യനും രംഗത്ത് വന്നു. രമേശ് ചെന്നിത്തല, കെ മുരളീധരന്‍ തുടങ്ങിയവര്‍ ചാണ്ടിയെ പരോക്ഷമായി പിന്തുണച്ചത് സതീശന്‍ വിഭാഗത്തിനെതിരെയുള്ള നീക്കമായിട്ടാണ് വിലയിരുത്തുന്നത്. കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ട എന്ന് നിലപാട് ഇവര്‍ ആവര്‍ത്തിക്കുന്നതും അതുകൊണ്ടാണ്.