‘ഭൂരിപക്ഷ താത്പര്യം നടപ്പിലാകണം’, പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ യാദവിനെതിരെ സുപ്രീം കോടതി അന്വേഷണം
ദില്ലി: അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്‍റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖർ കുമാർ യാദവിന്‍റെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിവരങ്ങൾ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിയെ ഇംപീച്ച്ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷൻ കപിൽ സിബൽ ആവശ്യപ്പെട്ടു
ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താല്പര്യമാണ് നടപ്പാകേണ്ടതെന്ന അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ വിവാദ പ്രസംഗത്തിൽ സ്വമേധയാ ആണ് സുപ്രീംകോടതി ഇടപെട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയോട് വിശദാംശം തേടിയെന്ന് സുപ്രീം കോടതി പി ആർ ഒ വാർത്താകുറിപ്പിറക്കി. വിഷയം പരിഗണനയിലാണെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ശേഖർ കുമാർ യാദവിന് എതിരെ ആഭ്യന്തര അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ക്യാമ്പയ്‌യൻ ഫോർ ജുഡീഷ്യൽ അകൗണ്ടാബലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും മുസ്‌ലിം ലീഗ് എംപിമാർ പരാതി നൽകി.
ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച്ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനും രാജ്യസഭാ അംഗവും ആയ കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ഉടനീളം കടുത്ത ന്യൂനപക്ഷ വിരുദ്ധപരാമർശങ്ങൾ ആണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയത്. രണ്ടു വഴികളാണ് സുപ്രീംകോടതിക്ക് ഈ കേസിലുള്ളത്. ഒന്ന് ജഡ്ഡിയെ ഇംപീച്ച് ചെയ്യാനുള്ള ശുപാർശ സുപ്രീംകോടതിക്ക് രാഷ്ട്രപതിക്ക് കൈമാറാം. എന്നാൽ ഇതിന് പാർലമെൻറിന്‍റെ അനുമതി വേണം. അല്ലെങ്കിൽ താത്കാലികമായി കേസുകൾ കേൾക്കുന്നതിൽ നിന്ന് ജഡ്ജിയെ മാറ്റി നിറുത്താനും സുപ്രീംകോടതിക്ക് കഴിയും. ഇതിൽ ഏത് തീരുമാനമാകും നടപ്പിലാകുക എന്നത് കണ്ടറിയണം.