KeralaTop News

ഇഡി വീണ്ടും കരുവന്നൂർ ബാങ്കിൽ; അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ നീക്കം

Spread the love

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂർ ബാങ്കിൽ. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം. അതിന് മുന്നോടിയായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു. കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു. എടുത്ത വായ്പയ്ക്കുള്ള മൂല്യം ഭൂമിക്കില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.

കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടും. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇഡിക്ക് അതൃപ്തി. ഹൈക്കോടതി ഉത്തരവിലെ പരാമർശം കേസിന്‍റെ വിചാരണയെ അടക്കം ബാധിക്കുമെന്ന് വിലയിരുത്തൽ. എന്നാൽ ജാമ്യ നൽകിയതിനെതിരെ അപ്പീൽ നൽകാൻ ആലോചനയില്ല. സിപിഎം നേതാവും വ‍ടക്കാഞ്ചേരി നഗരസഭാംഗവുമായ പി ആർ അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്‍റ് സികെ ജിൽസ് എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരമർശമുള്ളത്.

പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന നിരീക്ഷണമാണ് ഉത്തരവിന്‍റെ ഭാഗമാക്കിയത്. ഇതിനെതിരെയാണ് ഇഡി സുപ്രീംകോടതിയെ സമീപിക്കുന്നത്. ഈ പരാമർശം ഉത്തരവിൽ നിന്ന് നീക്കിയില്ലെങ്കിൽ കീഴ്കോടിതിയിലെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. ജാമ്യം നൽകാനുളള കാരണങ്ങൾക്കുമപ്പുറത്ത് വിചാരണ ഇതേവരെ തുടങ്ങിയിട്ടില്ലാത്ത കേസിലേക്ക് കടന്ന് കോടതി പരാമർശം നടത്തിയെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇത് വിചാരണയിലടക്കം തെറ്റായ മുൻ ധാരണകൾ ഉണ്ടാക്കാൻ ഇടയാക്കും. പരാമർശം നീക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെങ്കിലും പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകേണ്ടതില്ല എന്നാണ് നിലവിലെ ധാരണ. ഹൈക്കോടതിയുടെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. ഇഡി എന്ത് ചെയ്താലും വിരോധമില്ല, മടിയിൽ കനമില്ലാത്തതിനാൽ ഒന്നിനേയും ഭയക്കുന്നില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചിരുന്നു.