എലത്തൂരിലെ ഇന്ധന ചോര്‍ച്ച; എച്ച്പിസിഎല്ലിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ പൊലീസ് കേസെടുത്തു. കൗണ്‍സിലറായ മനോഹരന്‍ മാങ്ങാറിയിന്റെ പരാതിയിലാണ് നടപടി. കമ്പനിക്ക് നോട്ടീസ് നല്‍കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ആദ്യമായാണ് പൊലിസ് കേസ് എടുക്കുന്നത്.
കോഴിക്കോട് എലത്തൂരിലെ HPCL ന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐ എ എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴുണ്ടായ സാഹചര്യത്തെ അതീവ പ്രാധാന്യത്തോടെ കാണുന്നു, HPCL ലെ ടെക്‌നിക്കല്‍ & ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്നും കൃത്യസമയത്ത് തകരാര്‍ കണ്ടെത്താന്‍ HPCL ന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റവന്യൂ വകുപ്പിന്റേയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 1500 ലിറ്റര്‍ പുറത്തേക്ക് ഒഴുകിയ ശേഷമാണ് എച്ച്പിസിഎല്‍ അധികൃതര്‍ സംഭവം അറിഞ്ഞത്. ടെക്‌നിക്കല്‍ ആന്‍ഡ് ഇലക്ട്രിക് സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാക്ടറീസ് ആക്ട് പ്രകാരം കമ്പനിക്കെതിരെ കേസെടുത്തിരുന്നു.