KeralaTop News

‘കലോത്സവ വിവാദം, നടിക്കെതിരായ പ്രസ്‌താവന പിൻ‌വലിക്കുന്നു’: വി ശിവൻകുട്ടി

Spread the love

കലോത്സവ വിവാദത്തിൽ നടിക്കെതിരായ പ്രസ്‌താവന പിൻ‌വലിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ച പരാമർശമാണ് പിൻവലിച്ചത്. സംസ്ഥാന കലോത്സവത്തിന് മുമ്പ് വിവാദത്തിന് താത്പര്യമില്ല.

കുട്ടികൾക്ക് വിഷമം ഉണ്ടാകരുത്. വിഷയത്തിൽ ഇനി ചർച്ചയില്ല. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിനായി ആരെയും ഏൽപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്‍റെ നൃത്താവിഷ്കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

സ്കൂൾ കലോത്സവത്തിന്‍റെ അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലം ചോദിച്ചെന്നായിരുന്നു വി ശിവൻകുട്ടിയുടെ വിമര്‍ശനം. കലോത്സവ വേദിയിലൂടെ വളര്‍ന്ന് ചലച്ചിത്രമേഖലയിൽ പ്രശസ്തയായ താരം കേരളത്തോട് അഹങ്കാരവും പണത്തോട് ആര്‍ത്തിയും കാണിച്ചെന്നാണ് മന്ത്രിയുടെ വിമര്‍ശനം.

നടിയുടെ പേര് വെളിപ്പെടുത്താതെയായിരുന്നു മന്ത്രിയുടെ വിമ‍ർശനം. അടുത്തമാസം തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം. അവതരണ ഗാനത്തിനൊപ്പം വിദ്യാർത്ഥികൾ പങ്കെടുത്തുന്ന നൃത്താവിഷ്കാരം ഉണ്ട്. അതിന് കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ നടി സമ്മതിച്ചു. പിന്നാലെ അഞ്ച് ലക്ഷം രൂപ പ്രതിഫലം വേണമെന്നും പറഞ്ഞു. പണം കൊടുത്ത് കൊണ്ട് നടിയെ കൊണ്ട് നൃത്തം പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്‍റെ സമാപന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. മന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്ന നടൻ സുധീർ കരമനയും നടിയുടെ രീതിയെ വിമർശിച്ചു. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവത്തിൽ അതിഥിയായി മമ്മൂട്ടിയെത്തിയതും ഓണാഘോഷ പരിപാടിയിൽ ഫഹദ് ഫാസിൽ വന്നതും പ്രതിഫലം വാങ്ങാതെയാണെന്ന് വിദ്യാഭ്യാസവകുപ്പ് വിശദീകരിക്കുന്നു.