സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം; ഐഎസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ജോ ബൈഡൻ
സിറിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് ആക്രമണം. ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ യുഎസ് ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ മുതലെടുക്കാൻ ഐഎസ് ശ്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഐഎസിനെ തിരിച്ചുവരാൻ അനുവദിക്കരുതെന്ന് ജോ ബൈഡൻ പറഞ്ഞു.
യുഎസ് എയർഫോഴ്സിന്റെ ബി-52 സ്ട്രാറ്റോഫോർട്രസ് ബോംബറുകൾ, എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾസ്, എ-10 തണ്ടർബോൾട്ട് II എന്നീ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഐഎസ് താവളങ്ങളിൽ ആക്രമണം നടത്തിയത്. അതേസമയം വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിലെന്ന് റിപ്പോർട്ട്. അസദിനും കുടുംബത്തിനും റഷ്യ അഭയം നൽകിയെന്നാണ് വിവരം. അസാദിന്റെ ഭരണത്തിന് അവസാനമായതോടെ വിമതസേന എച്ച്ടിഎസിന്റെ തലവനായ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ തലപ്പത്തെത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് ബഷാർ അൽ അസദിനും കുടുംബത്തിനും മോസ്കോ അഭയം നൽകിയെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ പ്രസിഡന്റിന്റെ വിമാനം കാണാതായെന്നും , ലെബനീസ് അതിർത്തിയിൽ തകർന്നുവീണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ സ്ഥിരീകരണം. വിമതസംഘടനയായ എച്ച്ടിഎസിന്റെ തലവൻ അബു മുഹമ്മദ് അൽ-ജുലാനി സിറിയയുടെ പ്രസിഡന്റ് പദവിയിലെത്തുമെന്നാണ് റിപ്പോർട്ട്. അങ്ങനെ സംഭവിച്ചാൽ ബാഷർ അൽ അസദിനെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയും നിലപാടുകൾ നിർണായകമാകും.