സമസ്ത-ലീഗ് സമവായ ചർച്ച ഇന്ന്; മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന
സമസ്തയിൽ വിഭാഗീയത മൂർച്ഛിച്ചതിനെ തുടർന്ന് സമസ്താ നേതൃത്വം വിളിച്ച സമവായ ചർച്ച ഇന്ന് മലപ്പുറത്ത് നടക്കും. ചർച്ചയിൽ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്നാണ് സൂചന. സമാന്തര കമ്മറ്റിയുണ്ടാക്കിയവർക്ക് എതിരെ കടുത്ത നടപടി വേണമെന്നാണ് ലീഗ് വിരുദ്ധപക്ഷത്തിന്റെ ആവശ്യം.
സമസ്തയിലെ ലീഗ് അനുകൂല – വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുക, സമസ്ത- ലീഗ് ഭിന്നത അവസാനിപ്പിക്കുക എന്നിവയാണ് ചർച്ചയുടെ ലക്ഷ്യം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ ആലിക്കുട്ടി മുസ്ല്യാർ, പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ പങ്കെടുക്കും.
പാണക്കാട് സാദിഖ് അലി തങ്ങൾക്ക് എതിരായ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയും, സമസ്ത മുഖപത്രം സുപ്രഭാതത്തിൽ വന്ന എൽഡിഎഫ് പരസ്യമുൾപ്പെടെയുള്ള വിവാദങ്ങളും ഉയർത്തി കാട്ടി ലീഗ് അനുകൂല നേതാക്കൾ നടപടി ആവശ്യപ്പെടും. ബുധനയാഴ്ച ചേരുന്ന സമസ്ത മുശാവറ യോഗത്തോടെ ഇത് വരെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഐക്യ പ്രഖ്യാപനം നടത്താൻ ആണ് നേതൃത്വം ശ്രമിക്കുന്നത്.