KeralaTop News

ശബരിമലയിൽ ദിലീപിന്റെ VIP ദർശനം; മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല, ദർശനം തടസ്സപ്പെട്ടത് തെറ്റ്, പി എസ് പ്രശാന്ത്

Spread the love

ശബരിമലയിൽ നടൻ ദിലീപിന്റെ VIP ദർശനത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്റ് പി എസ് പ്രശാന്ത്. ദിലീപിന് മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല, അത് സ്വാഭാവിക നടപടി മാത്രമാണ് മാധ്യമപ്രവർത്തകർക്കടക്കം സന്നിധാനത്ത് മുറി അനുവദിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു പരിഗണനയും പ്രത്യേകമായി നൽകരുതെന്ന ഹൈക്കോടതിയുടെ നിർദേശം വന്ന ഉടൻ തന്നെ വ്യവസായി സുനിൽ കുമാർ മലയിറങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ സഹോദരൻ്റെ പേരിൽ ഡോണർ ഹൗസിൽ മുറി ഉണ്ട് പിന്നീട് അവിടെയാണ് തങ്ങിയതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

ദിലീപ് ദർശനം നടത്തുന്ന സമയത്ത് കുറച്ച് നേരത്തേക്ക് മറ്റ് ഭക്തരുടെ ദർശനം തടസപ്പെട്ടിരുന്നു. അത് തെറ്റാണ്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടതിന് ശേഷം തുടർനടപടി ഉണ്ടാകും. പമ്പയിൽ മാലിന്യം വലിച്ചെറിയുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

അതേസമയം, സന്നിധാനത്ത് നടന് താമസം ഒരുക്കിയത് മന്ത്രിമാരും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ദേവസ്വം കോംപ്ലക്‌സിലായിരുന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. വാടകപോലും നല്കാതെയായിരുന്നു ദിലീപിന്റെ താമസം. ഹരിവരാസന സമയത്ത് തന്ത്രി ഗേറ്റ് വഴി പ്രവേശനം അനുവദിച്ച് മറ്റു തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം മറച്ചതിന് പിന്നാലെ നടന് മുന്തിയ വിഐപി പരിഗണനയാണ് സന്നിധാനത്ത് നല്‍കിയതെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.