KeralaTop News

വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; KSEB സബ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഇന്നും പ്രതിഷേധ ധര്‍ണ

Spread the love

വൈദ്യുതി നിരക്ക് വര്‍ധനവില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. ഇന്ന് കൂടുതല്‍ KSEB സബ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. നിരക്ക് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ ആണ് യുഡിഎഫിന്റെ തീരുമാനം.

വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടിയത് വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നിരുന്നു. ജനുവരി മുതല്‍ 12 പൈസകൂടി കൂടും. കെഎസ്ഇബി ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് നിരക്ക് കൂട്ടുന്നത്. കഴിഞ്ഞ ദിവസം തന്നെ പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എല്ലാം തന്നെ അഴിമതിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഭരണ സംഘടനയായ എഐടിസിയുവും നിരക്ക് വര്‍ധനവിനെതിരെ രംഗത്തെത്തി. ദീര്‍ഘകാല കരാറില്‍ നിന്ന് പിന്മാറിയത് അദാനിയുമായുള്ള കരാറില്‍ ഏര്‍പ്പെടാന്‍ വേണ്ടിയായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിരക്ക് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുകയും ചെയ്തു.

ഇന്നും സംസ്ഥാനത്തെ വിവിധ സബ് സ്റ്റേഷനുകളിലേക്ക് യുഡിഎഫിന്റെ വിവിധ ഘടക കക്ഷികളുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കും. നിരക്ക് വര്‍ധന പിന്‍വലിക്കണം എന്ന് തന്നെയാണ് ആവശ്യം. എന്നിരുന്നാലും നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ആവില്ലെന്ന നിലപാടിലാണ് സര്‍ക്കാരും വൈദ്യുതി ബോര്‍ഡുമടക്കമുള്ളവര്‍.