GulfTop News

അബ്ദുല്‍റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും; ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ

Spread the love

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ കേസ് ഇന്ന് കോടതി പരിഗണിക്കും. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജയില്‍ മോചനത്തിനായുള്ള കാത്തിരിപ്പിലാണ് അബ്ദുറഹീമിനോടൊപ്പം കൂടുംബവും മലയാളികളും.

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയിട്ടുണ്ടെങ്കിലും പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസില്‍ തീര്‍പ്പാകാത്തതിനാലാണ് ജയില്‍ മോചനം നീണ്ടു പോയത്. ഇന്ന് ജയില്‍ മോചന ഉത്തരവ് ഉണ്ടായാല്‍ അത് മേല്‍കോടതിയും, ഗവര്‍ണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അബ്ദുറഹീം ജയില്‍ മോചിതനാകുന്നതും നാട്ടിലേക്ക് മടങ്ങുന്നതും. നാട്ടിലേക്ക് കയറ്റി വിടാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യന് എംബസി തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ പതിനേഴിന് അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനല്‍ കോടതി പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് ഡിസംബര്‍ 8-ലേക്ക് നീട്ടി വെക്കുകയായിരുന്നു. ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ അബ്ദുറഹീമിന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുറഹീം. ദയാധനമായ 15 മില്യണ്‍ റിയാല്‍ മലയാളികള്‍ സ്വരൂപിച്ച് മരിച്ച സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയതോടെയാണ് വധശിക്ഷ റദ്ദാക്കിയത്. ഇനി ജയില്‍ മോചനത്തിനുള്ള കാത്തിരിപ്പിലാണ്.