KeralaTop News

ദേശീയ പാതയില്‍ മൂടിയില്ലാത്ത ഓടയില്‍ സ്ലാബ് സ്ഥാപിക്കണം; കര്‍ശന നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍

Spread the love

കാര്യവട്ടം ജങ്ഷനില്‍ മൂടിയില്ലാത്ത ഓടയില്‍ വീണ് വാഹനാപകടങ്ങള്‍ ഉണ്ടായ സംഭവത്തില്‍ ഇടപെടലുമായി മനുഷ്യാവകാശ കമ്മിഷന്‍. സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടപടി റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കാര്യവട്ടം -ചേങ്കോട്ടുകോണം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയാണ് അപകടങ്ങള്‍ക്ക് കാരണമായത്. കാര്യവട്ടം ജംഗ്ഷന്‍ മുതല്‍ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് അടുത്തകാലത്താണ് ഓട നിര്‍മ്മിച്ച് ടാര്‍ ചെയ്തത്. എന്നാല്‍ അപകടഭീഷണിയുള്ള കാര്യവട്ടം ജംഗ്ഷനിലെ ഓടയില്‍ സ്ലാബിടുന്ന ജോലി ആരംഭിച്ചിട്ടില്ല.

പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടപടി റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം. ജനുവരി 14 ന് രാവിലെ 10 ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കില്‍ കുറയാത്ത ഒരു ഉദ്യാഗസ്ഥന്‍ സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.