‘ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയിൽ തട്ടിയ പാട്’, ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർതൃമാതാവ്
തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ മരണത്തിൽ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ഭർതൃമാതാവ് പൈങ്കിളി. വിവാഹം നടത്തി വീട്ടിൽ കൊണ്ടുവന്നത് ഞാൻ തന്നെയാണ്. വീട്ടിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.ഇന്ദുജയുടെ മുഖത്തുണ്ടായത് ബസിന്റെ കമ്പിയിൽ തട്ടിയ പാടാണ്, മരണദിവസം ഫോൺ വന്നതിന് പിന്നാലെ ഇന്ദുജ റൂമിൽ കയറി വാതിൽ അടക്കുകയായിരുന്നുവെന്നും സത്യം പുറത്തുവരണം, ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അഭിജിത്തിന്റെ അമ്മ പ്രതികരിച്ചു.
നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് ഇന്ദുജയ്ക്ക് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു. ഇതിന് പുറമെ മകൾക്ക് അഭിജിത്തിന്റെ വീട്ടിൽ നിന്ന് ജാതി വിവേചനം നേരിട്ടു എന്ന ഗുരുതരാരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.