മഴയത്ത് നില്‍ക്കുന്ന ഫോട്ടോയെടുത്ത് ചില നേതാക്കള്‍ ജനങ്ങളോടുള്ള കടമയുടെ ചടങ്ങ് തീര്‍ക്കുന്നു’; വിമര്‍ശിച്ച് വിജയ്
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. മണിപ്പൂര്‍ വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നാണ് വിജയ്‌യുടെ വിമര്‍ശം. സംസ്ഥാനത്തെ പിന്നാക്ക വിഭാഗം സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അംബേദ്കറെക്കുറിച്ചുള്ള ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ചാണ് വിജയ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
തമിഴ്‌നാട്ടില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമത്തിന്റെ തെളിവായി വെങ്കൈവയല്‍ സംഭവം ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിജയ്‌യുടെ വിമര്‍ശനം. വെങ്കൈവയലില്‍ പട്ടികജാതിക്കാര്‍ക്ക് കുടിക്കാനുള്ള വെള്ളം വിതരണം ചെയ്യുന്ന ടാങ്കില്‍ മനുഷ്യ വിജര്‍ജ്യം കണ്ടെത്തിയ സംഭവം അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഇതുവരെ നീതി ഉറപ്പാക്കിയിട്ടില്ലെന്നും സാമൂഹ്യ നീതി ഉറപ്പാക്കാന്‍ തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ലെന്നും വിജയ് കുറ്റപ്പെടുത്തി. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും വ്യാപകമായി അക്രമം നടക്കുന്നു. ഇതിനെതിരെയൊന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ജനങ്ങളെ സ്‌നേഹിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കുക എന്നത് മാത്രമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും വിജയ് പറഞ്ഞു.
മഴയത്ത് നില്‍ക്കുന്ന ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് ചടങ്ങ് തീര്‍ക്കുകയാണ് ചില നേതാക്കള്‍ എന്നും വിജയ് കുറ്റപ്പെടുത്തി. മുന്നണി രാഷ്ട്രീയത്തിന്റെ ബലത്തില്‍ പാര്‍ട്ടികളെ കൂട്ടിവച്ചാല്‍ 2026ല്‍ ജയിക്കുമെന്നാണ് ചിലര്‍ കരുതുന്നത്. അവരെ ജനം മൈനസ് ചെയ്യുമെന്നും വിജയ് പറഞ്ഞു. ചടങ്ങില്‍ വിസികെ നേതാവ് തോള്‍ തീരുമാവളവന്‍ പങ്കെടുത്തിരുന്നില്ല. തീരുമാവളവനെ ഡിഎംകെ മുന്നണി സമ്മര്‍ദ്ദത്തില്‍ ആക്കിയെന്നും വിജയ് വിമര്‍ശിച്ചു.