ഗസ്സയില്‍ ഇസ്രയേല്‍ നടത്തിയത് വംശഹത്യയെന്ന് ആംനെസ്റ്റിയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ട്; എതിര്‍ത്ത് അമേരിക്കയും ഇസ്രയേലും
പലസ്തീന് ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന ആംനെസ്റ്റി ഇന്റന്‍നാഷണലിന്റെ തീര്‍പ്പിനെതിരെ വിമര്‍ശനവുമായി അമേരിക്ക. ഗസ്സയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന ആംനെസ്റ്റിയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിനോട് യോജിക്കാനാകില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
സാക്ഷിമൊഴികളുടേയും ഡിജിറ്റല്‍ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇത് വംശഹത്യയെന്ന് തങ്ങള്‍ ഉറപ്പിക്കുന്നതെന്നും ഗസ്സയിലെ വംശഹത്യയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ 295 പേജുകളുള്ള മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ആംനെസ്റ്റി യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുവയ്ക്കുന്നുവെന്നും തങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുമെന്നുമാണ് ഇസ്രയേലിന്റെ വാദം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍-മാവാസി ടെന്റില്‍ നടത്തിയ ആക്രമണത്തെ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ലക്ഷ്യം വച്ചത് അവിടുത്തെ ഹമാസ് കേന്ദ്രത്തെ മാത്രമാണെന്നായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
മാസങ്ങളുടെ ഗവേഷണത്തിനൊടുവില്‍ വസ്തുനിഷ്ഠമായാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വിശദീകരണം. ഒരു വംശത്തില്‍പ്പെട്ട, അല്ലെങ്കില്‍ ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരെ ലക്ഷ്യം വച്ച് ആ വിഭാഗത്തെ പൂര്‍ണമായോ ഭാഗികമായോ കൊലചെയ്യാനുള്ള പ്രവര്‍ത്തനത്തെയാണ് വംശഹത്യയെന്ന് 1948ലെ ജിനോസൈഡ് കണ്വെന്ഷന് നിര്‍വചിച്ചിരിക്കുന്നത്. ഗസ്സയില്‍ പലസ്തീനികളെ കൂട്ടത്തോടെ ലക്ഷ്യം വച്ച് കൊലപാതകം, ശാരീരികവും മാനസികവുമായ അതികഠിനമായ ഉപദ്രവം, ജീവനോപാധിയും പാര്‍പ്പിടവും ബോധപൂര്‍വം നശിപ്പിക്കാനുള്ള നീക്കവും നടന്നതായി തങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ആംനെസ്റ്റി ജനറല്‍ സെക്രട്ടറി ആഗ്നസ് കാലമര്‍ഡ് ബിബിസിയോട് പ്രതികരിച്ചത്.