KeralaTop News

ഫാറൂഖ് കോളേജിന്റെ അപ്പീൽ; മുനമ്പം ഭൂമി കേസ് വഖഫ് ട്രൈബ്യൂണൽ ഇന്ന് പരിഗണിക്കും

Spread the love

മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും. ഫാറൂഖ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ നൽകിയ അപ്പീലാണ് പരിഗണിക്കുക. ഫാറൂഖ് കോളേജ് മാനേജ്മെന്റ് വിൽപന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ബോർഡ് പ്രഖ്യാപിച്ചതും പിന്നീട് ഇത് രജിസ്റ്ററിൽ രേഖപ്പെടുത്തിയതും ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് ട്രൈബ്യൂണൽ പരിഗണിക്കുക.

ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് ട്രൈബ്യൂണലിൽ ഉന്നയിച്ചത്. അതേസമയം ഫാറൂഖ് കോളേജിന് ഭൂമി നൽകിയ സിദ്ദിഖ് സേഠിന്റെ കുടുംബം കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെത്. ഇതേ കാര്യം ഉന്നയിച്ച് വഖഫ് സംരക്ഷണ സമിതിയുംകേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതും ട്രൈബ്യൂണൽ പരിഗണിക്കും.

വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകളുൾപ്പെടെ ഹാജരാക്കുമെന്ന് വഖഫ് സംരക്ഷണ സമിതിയും അറിയിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വാദം. 2019ൽ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോർഡിന്റെ വിധി, ഭൂമിയിൽ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിൻവലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ ഹർജികൾ.