എലത്തൂർ ഇന്ധന ചോർച്ച; സർക്കാർ തല അന്വേഷണം ഉണ്ടാകും, മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് എലത്തൂരിലെ HPCL ഡിപ്പോയിൽ ഉണ്ടായത് ഇന്ധന ചോർച്ച തന്നെയാണോ എന്ന് കണ്ടെത്താൻ സർക്കാർ തലത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഫാക്ടറി നിയമം അനുസരിച്ച് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട് അതിനുപുറമെ മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ചും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും. ഇന്ധന ചോർച്ച നടന്ന പരിസരത്ത് പ്രത്യേക രാസപദാർത്ഥം എത്തിച്ച് നാളെ മുതൽ ശുചീകരണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധന ചോർച്ചയിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് കൂട്ടിച്ചേർത്തു. കൃത്യസമയത്ത് തകരാർ കണ്ടെത്താൻ HPCL ന് കഴിഞ്ഞില്ല.ഡീസൽ പുറത്തേക്ക് ഒഴുകിയ ശേഷമാണ് ഈ സംഭവം HPCL അറിഞ്ഞതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കളക്ടർ അറിയിച്ചു.
അതേസമയം, റവന്യൂ – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലാണ് HPCL ൻ്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന കണ്ടെത്തൽ.1500 ലിറ്റർ ഡീസൽ ചോർന്നു. ഇത്രയും പുറത്തേക്ക് ഒഴുകിയ ശേഷമാണ് സംഭവം എച്ച് പിസിഎൽ അറിഞ്ഞത്. HPCL ൻ്റെ ടെക്നിക്കൽ ആൻഡ് ഇലക്ട്രിക് സംവിധാനങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇന്നലെ വൈകിട്ട് 4.30ഓടെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. HPCL ൻ്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലൂടെ ഒഴുകിയെത്തിയ ഡീസല്‍ ദേശീയപാതയിലെ പ്രധാന ഓടയിലൂടെയാണ് ഒഴുകിപ്പോയത്.നിരവധി ആളുകള്‍ കുപ്പികളിലൊക്കെയായി ഡീസല്‍ മുക്കിയെടുത്തെങ്കിലും വലിയ അളവില്‍ ഡീസല്‍ എത്തിയതോടെ ആളുകള്‍ പരിഭ്രാന്തരാവുകയായിരുന്നു. കുടിവെള്ള സ്രോതസ്സുകളിലും ജലാശയങ്ങളിലും കലർന്ന ഇന്ധനം നീക്കാൻ അതിവേഗ നടപടി കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.