NationalTop News

രാഹുല്‍ ഗാന്ധിയെ രാജ്യദ്രോഹി എന്ന് വിളിച്ചു; ബിജെപി വക്താവ് സംബിത് പത്രയ്‌ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്

Spread the love

രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി വക്താവും എംപിയുമായ സംബിത് പത്രയ്‌ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അംഗം മാണിക്യം ടാഗോര്‍, ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. സംബിത് പാത്രക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് കത്ത്. പാര്‍ലമെന്ററി സംവിധാനത്തിന്റെ അന്തസും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഉചിതമായ നടപടി വേണമെന്നാണ് ആവശ്യം. പരാമര്‍ശം മര്യാദയുടെയും ധാര്‍മ്മികതയുടെയും വ്യക്തമായ ലംഘനമെന്നും കത്തില്‍ പറയുന്നു.

രാഹുല്‍ ഗാന്ധി രാജ്യദ്രോഹി എന്നായിരുന്നു സംബിത് പത്രയുടെ പരാമര്‍ശം. ഇന്ത്യയെ തകര്‍ക്കുന്ന ത്രികോണ ബന്ധത്തിലെ അവസാന കണ്ണിയാണ് രാഹുല്‍ എന്നും ആരോപണമുണ്ട്. ഇന്ത്യയെ തകര്‍ക്കുന്ന ഒരു ത്രികോണ ബന്ധമുണ്ട്. ഒരു വശത്ത് ജോര്‍ജ് സോരോസ്, മറ്റൊരു വശത്ത് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (OCCRP) എന്ന പേരിലുള്ള ഒരു വലിയ വാര്‍ത്താ പോര്‍ട്ടല്‍, അവസാന കണ്ണി ‘ഏറ്റവും വലിയ ഒറ്റുകാരനായ രാജ്യദ്രോഹി’രാഹുല്‍ ഗാന്ധി എന്നായിരുന്നു ബിജെപി വക്താവിന്റെ പ്രസ്താവന. പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാന്‍ തനിക്ക് മടിയില്ലെന്നും സംബിത് പത്ര കൂട്ടിച്ചേര്‍ത്തു.
OCCRP നെ എന്തെങ്കിലും കാര്യം ബാധിച്ചാല്‍ രാഹുല്‍ ഗാന്ധി കരയും. രാഹുല്‍ ഗാന്ധി കരഞ്ഞാല്‍ OCCRPന് വേദനിക്കും. ഇവര്‍ ഇരു ശരീരവും ഒരു ആത്മാവുമാണ്. ജോര്‍ജ് സോരോസിന് തന്റെ അജണ്ട നിറവേറ്റാന്‍ വേണ്ടതെന്തും രാഹുല്‍ ഗാന്ധി ചെയ്യും. രാജ്യ താത്പര്യങ്ങളെ ഹനിക്കാനാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത് – പത്ര കൂട്ടിച്ചേര്‍ത്തു.