എഞ്ചിനീയറിംഗ് വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ
ശിവകാര്‍ത്തികേയൻ നായകനായ തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി അടുത്തിടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ രാജ് കമല്‍ ഫിലിംസ്.
എന്നാൽ നിർമാതാക്കളുടെ പ്രതികരണം വൈകിയെന്നും നവംബർ ആറിനാണ് താൻ നിർമ്മാതാക്കൾക്കെതിരെ നോട്ടീസ് അയച്ചതെന്നും വി വി വാഗീശന്‍ വ്യക്തമാക്കി. തന്റെ നമ്പർ മാറ്റാൻ തയ്യാറല്ലെന്നും വിദ്യാർത്ഥി പരാതിയിൽ പറഞ്ഞിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഫോണിലേക്ക് നിരന്തരം കോളുകൾ വന്നതോടെയാണ് വിഷയം ഗൗരവമായി കണക്കാക്കിയത്. ഈ കാര്യം പഠനത്തെയും ഉറക്കത്തെയും ബാധിച്ചുവെന്ന് വാഗീശൻ പരാതിയിൽ പറഞ്ഞിരുന്നു. ചിത്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഫോൺ നമ്പർ നീക്കിയെന്നും രാജ് കമൽ ഫിലിംസ് അറിയിച്ചു.
മേജർ മുകുന്ദ് വരദരാജന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് അമരൻ. ശിവകാര്‍ത്തികേയന്‍ മേജർ മുകുന്ദായി സ്ക്രീനിൽ എത്തിയിരിക്കുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യ എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.