KeralaTop News

എലത്തൂർ എച്ച്പിസിഎല്ലിലെ ഇന്ധന ചോർച്ച; സ്ഥലത്ത് ആരോഗ്യവിഭാഗത്തിന്റെ പരിശോധന

Spread the love

എലത്തൂർ എച്ച് പി സി എൽ സംഭരണ കേന്ദ്രത്തിൽ ഇന്ധന ചോർച്ച നടന്ന സംഭവത്തിൽ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു. ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. സംഭരണശാലയുടെ അകത്തു നിന്ന് പമ്പ് ഉപയോഗിച്ച് ഡീസൽ ഓവുചാലിൽ നിന്ന് മാറ്റുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്നിടത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. 12 ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിഎടുത്ത് മാറ്റിയത്. നിലവിൽ അപകട സാധ്യത ഇല്ലെന്നാണ് എച്ച് പി സി എൽ മാനേജറുടെ വിശദീകരണം.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് ദേശീയ പാതയ്ക്കും റെയിൽപാളത്തിനും സമീപത്തുള്ള സംഭരണകേന്ദ്രത്തിലെ ഡീസല്‍ സമീപത്തെ ഓവുചാലിലൂടെ ഒഴുകിയെത്തിയത്. 600 മുതല്‍ എഴുന്നൂറ് ലിറ്റര്‍വരെ ഇന്ധനം ചോര്‍ന്നുവെന്നാണ് വിവരം.

അതേസമയം, ഡിപ്പോയില്‍നിന്ന് ഡീസല്‍ ചോര്‍ന്ന് റോഡരികിലെ ഓവുചാലിലൂടെ ഒഴുകുന്നുവെന്ന് വ്യക്തമായതോടെ പൊലീസിലും അഗ്നിശമന സേന വിഭാഗത്തിലും നാട്ടുകാരാണ് വിവരം അറിയിച്ചത്. തുടര്‍ന്ന് ജനങ്ങള്‍ സ്ഥലത്ത് പ്രതിഷേധവുമായി എത്തിയിരുന്നു. മുൻപും സ്ഥലത്ത് ഇത്തരത്തില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡീസല്‍ പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയിട്ടുണ്ടെന്നും താമസിയാതെ കിണറുകള്‍ മലിനമാകുമെന്നുമുള്ള ആശങ്ക നാട്ടുകാര്‍ക്കുണ്ടായിരുന്നു. മാത്രവുമല്ല മത്സ്യ സമ്പത്ത് അധികമുള്ള പ്രദേശമായതിനാൽ അവയ്‌ക്കെല്ലാം ഭീഷണിയാണ് പ്ലാന്റിൽ നിന്നുള്ള ഇന്ധന ചോർച്ച. ഡിപ്പോയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.