മഴ മാറി, മാനം തെളിഞ്ഞു, ശബരിമലയിൽ തീർത്ഥാടക പ്രവാഹം
ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന. എട്ട് മണിവരെ 25,000ലധികം ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ മാറിയതിനാൽ തന്നെ തീർഥാടകരുടെ തിരക്ക് വർധിക്കുന്നു. നേരിയ ചാറ്റൽ മഴയുണ്ടെങ്കിലും ദർശനത്തെ ബാധിക്കുന്നില്ല. തോരാമഴയ്ക്ക് ശേഷം ഇന്നലെ മാനം തെളിഞ്ഞതോടെ ശബരിമലയിലേക്ക് വലിയതോതിൽ തീർത്ഥാടകരെത്തി.
75,000ത്തോളം തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്.മഴയും മൂടൽ മഞ്ഞും കാരണം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശരണപാതയിലെ നിയന്ത്രണങ്ങൾ പൂർണമായും നീക്കി.
അതേസമയം കുമളിയിൽ നിന്ന് മുക്കുഴി – സത്രം വഴിയും അഴുതക്കടവ് – പമ്പ വഴിയുമുള്ള പരമ്പരാഗത കാനനപാതയിൽ നിയന്ത്രണങ്ങൾ തുടരും. മൂടൽമഞ്ഞ് ഒഴിയാത്തതാണ് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിൽ ഏർപ്പെടുത്തിയിരുന്ന വാഹന പാർക്കിംഗ് നിയന്ത്രണങ്ങൾ പിൻവലിച്ചു.