KeralaTop News

ഭാര്യയെ തീ കൊളുത്തി കൊന്ന സംഭവം: 300 രൂപയ്ക്ക് പെട്രോൾ വാങ്ങി; പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായി

Spread the love

കൊല്ലം ചെമ്മാംമുക്കിൽ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായെന്ന് എഫ്ഐആർ. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അനിലയെ കൊലപ്പെടുത്താൻ പെട്രോൾ വാങ്ങിയത് തഴുത്തലയിൽ നിന്നെന്നും വിവരം

സംഭവത്തിൽ പ്രതി പത്മരാജന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പ്രതി കൃത്യം നടത്താനായി 300 രൂപയ്ക്ക് പെട്രോൾ വാങ്ങി. ഭാര്യയെയും സുഹൃത്തിനെയും കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയത്. കടയിൽ നിന്ന് ഇറങ്ങിയത് മുതൽ പത്മരാജൻ അനിലയെ പിന്തുടർന്നുണ്ടായിരുന്നു. സംഭവസമയത്ത് അനിലയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ സോണിയായിരുന്നു. സോണിക്ക് പൊള്ളലേറ്റിരുന്നു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തീ പടർന്നതോടെ സോണി കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. വൈദ്യ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കി ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം. അനിലയുടെ പോസ്റ്റ്മോർട്ടം നടപടികളും ഇന്ന് തന്നെ പൂർത്തിയാക്കും.