പ്രധാനമന്ത്രി മോദിയുമായുള്ള അഭിപ്രായവ്യത്യാസം തുറന്ന് പറഞ്ഞ് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ആത്മകഥ
ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ വെളിപ്പെടുത്തി മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. 2014-നു ശേഷം ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വ ശക്തികളുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിനെക്കുറിച്ചുള്ള ആശങ്ക മോദിയുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍ മോദി താന്‍ പറഞ്ഞതിനെ ശക്തമായി എതിര്‍ത്തുവെന്നും ഇന്ത്യ എപ്പോഴും മതസഹിഷ്ണുതയുടെ ഭൂമിയായിരുന്നുവെന്ന് വാദിച്ചതായും മെര്‍ക്കലിന്റെ ‘ഫ്രീഡം: മെമോയേഴ്സ് 1954-2021’ എന്ന ആത്മകഥയില്‍ പറയുന്നു. 2005 മുതല്‍ 2021 വരെ ജര്‍മന്‍ ചാന്‍സലറായിരുന്നു അംഗല മെര്‍ക്കല്‍.
എന്നാല്‍ മോദിയുടെ മറുപടിയോട് തനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ലെന്ന് മെര്‍ക്കല്‍ തുറന്നടിച്ചു. മതസ്വാതന്ത്ര്യമാണ് എല്ലാ ജനാധിപത്യത്തിന്റെയും സുപ്രധാന ഘടകമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ഈ വിമര്‍ശനം നില്നില്ക്കുമ്പോഴും ഉദ്യോഗസ്ഥ പ്രതിബന്ധങ്ങള്‍ മറികടന്ന് മോദി ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഊര്‍ജം പകര്‍ന്നെന്നും മെര്‍ക്കല്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘വിഷ്വല്‍ ഇഫക്റ്റുകള്‍’ കൊണ്ട് തന്നെ മോദി അമ്പരപ്പിച്ചുവെന്നും മോദിക്ക് ‘വിഷ്വല്‍ ഇഫക്ട്സ്’ വലിയ ഇഷ്ടമാണെന്നും മെര്‍ക്കല്‍ ആത്മകഥയില്‍ സൂചിപ്പിക്കുന്നു.
ആത്മകഥയില്‍ അംഗല മെര്‍ക്കല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും രാജ്യത്തിന്റെ ഐക്യം അതിന്റെ നാനാത്വത്തില്‍ നിന്നാണ് ഉടലെടുക്കുന്നതെന്നും സിംഗ് പറഞ്ഞതായി മെര്‍ക്കല്‍ ഓര്‍മിക്കുന്നു.’സെര്‍വിങ് ജര്‍മനി’ എന്ന ഭാഗത്തില്‍ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ വിവരിക്കുന്ന ഭാഗത്താണ് മെര്‍ക്കല്‍ ഇത് അനുഭവം പങ്കുവെച്ചത്.
മന്മോഹന് സിംഗുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ വികസിത രാജ്യങ്ങള്‍ അവഗണിക്കുന്നത് സിംഗ് ചൂണ്ടിക്കാട്ടിയതായി മെര്‍ക്കല്‍ പറയുന്നുണ്ട്. ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനാണു മന്മോഹന് ലക്ഷ്യമിട്ടതെന്നും വികസിത രാജ്യങ്ങളുടെ അവഗണന സംബന്ധിച്ച് അദ്ദേഹം പറഞ്ഞത് തന്നെ ചിന്തിപ്പിച്ചുവെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.