രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; പ്രിയങ്ക ഗന്ധിയും ഒപ്പമുണ്ടായേക്കും
പള്ളി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭല്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എം പി പ്രിയങ്ക ഗന്ധിയും നാളെ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മറ്റ് അഞ്ച് എംപിമാര്‍ കൂടി ഇരുവര്‍ക്കുമൊപ്പമുണ്ടാകും. യുപിയിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡേയും ഒപ്പമുണ്ടാകും. നാളെ ഉച്ച്ക്ക് 2 മണിക്കാണ് രാഹുല്‍ ഗാന്ധി സംഭാലില്‍ എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പോലിസ് സന്ദര്‍ശന അനുമതി നിഷേധിക്കാനാണ് സാധ്യത.
ഇന്നലെ സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. പിസിസി അധ്യക്ഷന്‍ അജയ് റായുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് സംഭല്‍ സന്ദര്‍ശനത്തിന് എത്തിയത്. ലക്നൗ പാര്‍ട്ടി ഓഫീസില്‍ എത്തിയ സംഘത്തിന് സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുപി പോലീസ് നോട്ടീസ് നല്‍കി. സന്ദര്‍ശനം മേഖലയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കും എന്നായിരുന്നു വിശദീകരണം. എന്നാല്‍ സമാധാനപരമായി സംഭല്‍ സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ തീരുമാനിച്ചു. സംഭലിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് സംഘത്തെ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുണ്ടായി. നേതാക്കള്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, ഇന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംഭല്‍ സംഘര്‍ഷം ഉന്നയിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങളായിസംഭാലില്‍ ജനങ്ങള്‍ സൗഹാര്‍ദ്ദത്തോടെയാണ് കഴിഞ്ഞതെന്നും സംഘര്‍ഷം ആസൂത്രിതമായി ഉണ്ടാക്കിയതെന്നും അഖിലേഷ് യാദവ് പറഞ്ഞു. സംഭലിന് നീതി ലഭിക്കണം എന്ന് കോണ്‍ഗ്രസ് അംഗം ഉജ്വല്‍ രമണ്‍ സിംഗും ആവശ്യപ്പെട്ടു. സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.