‘ഓണത്തിന് വന്നുപോയതാ, ക്രിസ്മസ് അവധിക്ക് വരാമെന്ന് പറഞ്ഞിരുന്നു’; വിതുമ്പലോടെ ദേവാനന്ദന്റെ മുത്തച്ഛന്‍
ആലപ്പുഴ കളർകോട് കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മരിച്ച ദേവനന്ദൻ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ ഓണകാലത്ത് വീട്ടിലെത്തി സന്തോഷം പങ്കിട്ട പ്രിയപ്പെട്ട കൊച്ചുമകൻ്റെ വേർപാടിൽ വിതുമ്പുകയാണ് മുത്തച്ഛന്‍ നാരായണപിള്ള. കോട്ടയം സ്വദേശിയായ ദേവാനന്ദിന്റെ പിതാവിന്റെ വീട് പാലായിലാണ്. പത്ത് വര്‍ഷമായി മലപ്പുറം കോട്ടക്കലിലാണ് മരിച്ച ദേവാനന്ദും കുടുംബവും താമസിച്ചിരുന്നത്.
ഓണത്തിന് വീട്ടില്‍ വന്നുപോയ ദേവാനന്ദ് ഇനി ക്രിസ്മസ് അവധിക്ക് വരാമെന്ന് പറഞ്ഞാണ് തിരികെ പഠനത്തിനായി പോയതെന്ന് ദേവാനന്ദിന്റെ മുത്തച്ഛന്‍ നാരായണപിള്ള പറഞ്ഞു. അപകടവിവരം കോട്ടക്കലിലും കോട്ടയത്തുമുള്ള ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രിയാണ് അറിഞ്ഞത്. ടെലിവിഷന്‍ വാര്‍ത്ത വഴിയാണ് ദേവാനന്ദിന്റെ മാതാപിതാക്കള്‍ അപകടവിവരമറിഞ്ഞത്. മരണവിവരമറിഞ്ഞയുടനെ മാതാപിതാക്കള്‍ കോട്ടയത്തേക്ക് പോയിരുന്നു.
അധ്യാപകനാണ് ദേവാനന്ദിന്റെ അച്ഛന്‍. ജിഎസ്ടി ഓഫീസിലാണ് അമ്മ ജോലിചെയ്യുന്നത്. മികച്ച പഠനനിലവാരം പുലര്‍ത്തിയരുന്ന ദേവാനന്ദിനെയും സഹോദരനേയും പലതവണ ആദരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.