NationalTop News

ഷിന്‍ഡേയ്ക്ക് പിടിച്ച പനി ബിജെപിക്ക് തലവേദന

Spread the love

ഏക്‌നാഥ് ഷിന്‍ഡെ, 2022ല്‍ ശിവസേനയെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ഹീറോ. ഇന്ന് സമ്മര്‍ദ ശക്തി പോലും ക്ഷയിച്ച് ബിജെപി നേതൃത്വം എടുക്കുന്ന തീരുമാനത്തിന് വഴങ്ങുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്രനിരീക്ഷകരായ നിര്‍മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി എന്നിവര്‍ നാളെ മുംബൈയില്‍ എത്തും. നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം നാളെയാണ്. മറ്റന്നാള്‍ വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും ഏക്‌നാഥ് ഷിന്‍ഡെ പിണക്കത്തില്‍ തന്നെയാണ്. കാവല്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്നാണ് പ്രചാരണം. വ്യാഴാഴ്ച ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും ഷിന്ദേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നു. സര്‍ക്കാര്‍ രൂപീകരണമാണ് വിഷയം. ചര്‍ച്ചയും കഴിഞ്ഞ് ഷിന്‍ഡേ പോയത് സാതാര ജില്ലയിലെ തന്റെ ഗ്രാമത്തില്‍. ഇതോടെ മുംബൈയില്‍ തിരിച്ചെത്തിയ ശേഷം നടത്താനിരുന്ന തുടര്‍യോഗങ്ങള്‍ റദ്ധായി. ഡല്‍ഹിയില്‍ യോഗത്തിലെ അതൃപ്തിയാണ് യാത്രയ്ക്ക് പിന്നിലെന്ന അഭിപ്രായം ഉയര്‍ന്നതോടെ പനിയും തലവേദനയുമെന്ന് വിശദീകരണം.

ഞായറാഴ്ച മുംബൈയിലേക്ക് തിരിച്ചെത്തിയ ഷിന്‍ഡേ ഇന്നലെ താനെയിലെ വസതിയില്‍ നിന്ന് വീണ്ടും അപ്രത്യക്ഷനായി. പനി എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍ ഷിന്‍ഡേയുടെ പനി എന്തായാലും മഹായുതി സഖ്യത്തിന് തലവേദനയായി. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ നീണ്ട് പോവുകയാണ്.

ആഭ്യന്തര വകുപ്പോടെ ഉപമുഖ്യമന്ത്രിപദം എന്ന നിലപാടില്‍ നിന്ന് ഷിന്‍ഡേ പിന്നോട്ട് പോയിട്ടില്ല. നഗര വികസനം, കൃഷി, ഗതാഗതം, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്പീക്കര്‍ തുടങ്ങിയ സുപ്രധാന പദവികളിലും ഷിന്‍ഡേക്ക് കണ്ണുണ്ട്. ആഭ്യന്തര വകുപ്പ് നല്‍കിയില്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സ്വീകരിക്കില്ലെന്ന നിലപാടിലാണ് ഏക്നാഥ് ഷിന്‍ഡെ എന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെയെ നോമിനേറ്റ് ചെയ്യുമെന്നും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ശ്രീകാന്ത് ഷിന്‍ഡെ തന്നെ തള്ളി.

288 അംഗ സഭയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത് 145 സീറ്റുകള്‍. ബിജെപിക്ക് 132 സീറ്റുകള്‍. ഷിന്‍ഡേയുടെ ശിവസേനയ്ക്ക് 57 സീറ്റും അജിത് പവാറിന്റെ എന്‍സിപിക്ക് 41 സീറ്റുമുണ്ട്. അജിത് പവാറിനെ ഒപ്പം ചേര്‍ത്ത് ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാം. പവാര്‍ പൂണപിന്തുണയും നല്‍കിയിട്ടുണ്ട്. ഇതോടെ ഷിന്‍ഡെയുടെ സമ്മര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞു. എന്നിരുന്നാലും 2022ലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷിന്‍ഡേയെ ബിജെപി അങ്ങനെ എളുപ്പത്തില്‍ തള്ളിയേക്കില്ല.