‘ബംഗ്ലാദേശില്‍ നടക്കുന്ന കൂട്ടക്കൊലകളുടെ സൂത്രധാരന്‍ മുഹമ്മദ് യൂനുസ്’; ഗുരുതര ആരോപണവുമായി ഷെയ്ഖ് ഹസീന
ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും ഇടക്കാല ഗവണ്‍മെന്റിന്റെ തലവനായ മുഹമ്മദ് യൂനുസിനെ കുറ്റപ്പെടുത്തി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂയോര്‍ക്കില്‍ അവാമി ലീഗുമായി ബന്ധപ്പെട്ട പരിപാടിയിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് വിമര്‍ശനം. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍ മത സംഘടനയായ ഇസ്‌കോണ്‍ എന്നിവയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഷെയ്ഖ് ഹസീന ആഞ്ഞടിച്ചു.
ഇന്ന് എനിക്കെതിരെ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ഥി നേതാക്കളുമായി ചേര്‍ന്ന് സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്ത പദ്ധതി വഴി കൂട്ടക്കൊലകള്‍ നടത്തുന്നത് മുഹമ്മദ് യൂനുസ് ആണ്. അവരാണ് സൂത്രധാരന്മാര്‍. മരണങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നാല്‍ സര്‍ക്കാര്‍ നിലനില്‍ക്കില്ലെന്ന് ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആക്റ്റിംഗ് ചെയര്‍മാനായ താരിഖ് റഹ്‌മാന്‍ വരെ പറഞ്ഞു – ഹസീന വ്യക്തമാക്കി.
അധ്യാപകര്‍, പൊലീസുകാര്‍, എന്നിവരെല്ലാം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, എന്നിവരെയും ലക്ഷ്യം വെക്കുന്നു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും ഇന്ന് ആക്രമിക്കപ്പെടുന്നു. എന്തുകൊണ്ടാണിപ്പോള്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷ്യങ്ങള്‍ ഇരയാക്കപ്പെടുന്നത് ? ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തെ കുറിച്ച് ഷെയ്ഖ് ഹസീന ചോദിക്കുന്നു.
അതേസമയം, ഇന്ത്യയിലേക്ക് യാത്ര തിരിച്ച 54 ഇസ്‌കോണ്‍ സന്യാസിമാരെ അതിര്‍ത്തിയില്‍ തടഞ്ഞ ബംഗ്ലാദേശിന്റെ നടപടി കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ബെനാപോള്‍ ബോര്‍ഡര്‍ ചെക്ക് പോയിന്റില്‍ വച്ചാണ് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്(ഇസ്‌കോണ്‍) സന്യാസിമാരെ തടഞ്ഞത്. മതിയായ യാത്രാരേഖകള്‍ ഉണ്ടായിട്ടും ഇവരെ ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്നാണ് വിവരം. ഇന്ത്യയില്‍ നടക്കുന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന സന്യാസിമാരെയാണ് അതിര്‍ത്തിയില്‍ നിന്ന് തിരിച്ചയച്ചത്.