ആലപ്പുഴ അപകടം; മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു; ഒരാളുടെ നില ഗുരുതരം
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. കളർകോട് ജംക്‌ഷനു സമീപമാണ് അപകടം നടന്നത്. ഏഴു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ പറഞ്ഞു. വണ്ടി ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്ന് ആർടിഒ പറഞ്ഞു. വണ്ടി ഓവർലോഡ് ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.