കരുത്ത് കൂട്ടാൻ ഐഎൻഎസ് വിക്രമാദിത്യ, കൊച്ചിയിൽ എത്തുന്നു: 1207 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ് യാർഡ്
അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി ഇന്ത്യൻ നാവികസേനയുടെ വിവാഹം വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ വീണ്ടും കൊച്ചിയിലേക്ക് എത്തുന്നു. കപ്പലിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി കേന്ദ്ര പ്രതിരോധ മന്ത്രാലയം 1207.5 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ് യാർഡുമായി ഒപ്പുവച്ചു. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇകൾക്ക് വരുമാനം ലഭിക്കുന്നതും ആണ് ഈ പദ്ധതി.
2013 നവംബറിൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. ഈ കപ്പലിൽ അഞ്ചുമാസം കൊണ്ട് കരുത്ത് വർദ്ധിപ്പിക്കുക, തകരാറുകൾ പരിഹരിക്കുക എന്നതാണ് കൊച്ചിൻ ഷിപ് യാർഡഡിന് മുന്നിലുള്ള ലക്ഷ്യം. എല്ലാ ജോലികളും പൂർത്തിയായാൽ ഇന്ത്യൻ നാവികസേനയിൽ ഐഎൻഎസ് വിക്രമാദിത്യ തിരികെ ചേരും.
വാർത്ത പുറത്തുവന്നതിന് പിന്നാലെ കൊച്ചിൻ ഷിപ് യാർഡിന്റെ ഓഹരികൾ ഇന്ന് മുന്നേറാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ 1577 രൂപയായിരുന്നു കൊച്ചിൻ ഷിപ് യാർഡിന്റെ ഓഹരി മൂല്യം. വ്യാഴാഴ്ച അവസാനിച്ചതിലും 0.14 ശതമാനം കുറവായിരുന്നു വെള്ളിയാഴ്ചത്തെ ക്ലോസിങ് മൂല്യം. എന്നാൽ 1207 കോടി രൂപയുടെ കരാർ അഞ്ചു മാസത്തേക്ക് ലഭിച്ചതോടെ കമ്പനിയുടെ വരുമാനം വർദ്ധിക്കുമെന്ന് ഉറപ്പ് ഓഹരി നിക്ഷേപകരിൽ പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.