സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന് സന്ദര്‍ശനം നടത്തി; സംഘര്‍ഷം ആസൂത്രിതമാണോ എന്ന് പരിശോധിക്കും
മസ്ജിദ് സര്‍വ്വേയുടെ പേരില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശിലെ സംഭലില്‍ ജുഡീഷ്യല്‍ കമ്മീഷന് സന്ദര്‍ശനം നടത്തി. ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണം ആരംഭിച്ചു. സംഘര്‍ഷം ആസൂത്രിതമാണോ എന്നും ക്രമസമാധാന പാലനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും കമ്മീഷന് പരിശോധിക്കും.
അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജുഡീഷ്യല്‍ കമ്മീഷന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അമിത് മോഹന്‍ പ്രസാദ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് അരവിന്ദ് കുമാര്‍ ജെയിന് എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.മസ്ജിദില്‍ പരിശോധന നടത്തിയ ASI യുടെ റിപ്പോര്‍ട്ടിന്റെ ചില വിവരങ്ങളും പുറത്തുവന്നു. പള്ളിയില്‍ രൂപമാറ്റം വരുത്തുന്നതിനായി പല അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി മസ്ജിദ് അധികൃതര്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെന്നും പരാമര്‍ശം ഉണ്ട്.ജില്ലാ കോടതിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്.