KeralaTop News

അമിത കൂലി ആവശ്യപ്പെട്ടു; ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ

Spread the love

ശബരിമലയിൽ നാല് ഡോളി തൊഴിലാളികൾ അറസ്റ്റിൽ. ഭക്തരിൽ നിന്ന് അമിതമായി കൂലി ആവശ്യപ്പെടുകയും പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് തിരിച്ചയക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇടുക്കി സ്വദേശികളായ നാലു പേരെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. സെൽവം , വിപിൻ, സെന്തിൽ കുമാർ, പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്ന് ദർശനം നടത്തിയവരുടെ എണ്ണം 50,000 കടന്നു . ശനിയാഴ്ചയായതിനാൽ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മൂന്നുമണിവരെ സ്പോട്ട് ബുക്കിംഗ് വഴി 9492 ഭക്തജനങ്ങൾ ദർശനം നടത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു . ഇന്നും നാളെയും തിരക്ക് വർധിക്കാനുള്ള സാഹചര്യത്തിൽ പമ്പ മുതൽ സന്നിധാനം വരെ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വൈകിട്ട് 6.30ന് ദീപാരാധനക്കും 9.30ന് അത്താഴം പൂജയ്ക്കും ശേഷം 10. 50 ന് ഹരിവരാസനം പാടി നട അടയ്ക്കും.

ഇതിനിടെ ശബരിമലയിൽ ദർശനത്തിനായി എത്തിയ ഒരു തീർത്ഥാടകൻ കുഴഞ്ഞ് വീണു മരിച്ചു . കർണാടക സ്വദേശി പുട്ടസ്വാമി ചരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ഇതോടെ ഈ സീസണിൽ മരിച്ചവരുടെ എണ്ണം ഒൻപതായി .