Tuesday, January 7, 2025
KeralaTop News

MDMA പിടികൂടിയ കേസ്; യൂട്യൂബര്‍ തൊപ്പിയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

Spread the love

എറണാകുളം തമ്മനത്തെ ഫ്‌ളാറ്റില്‍ നിന്നും MDMA പിടികൂടിയ കേസില്‍ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊപ്പി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ തൊപ്പി പ്രതിയല്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

തൊപ്പിയെന്ന നിഹാദിന്റെ ഡ്രൈവര്‍ ജാബറില്‍ നിന്നുമാണ് MDMA പിടിച്ചെടുത്തത്. പിന്നാലെ തൊപ്പിയും സുഹൃത്തുക്കളും ഒളിവില്‍ പോയി. എന്നാല്‍ കേസില്‍ നിലവില്‍ പ്രതിയല്ലാത്ത നിഹാദിനെ വിശദമായി ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് പോലീസ്. ഡ്രൈവര്‍ക്കൊപ്പം നിഹാദും ലഹരി ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.

ലഹരിക്കസുമായി ബന്ധപ്പെട്ട തൊപ്പിയുടെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനിടെ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ നാലിന് പരിഗണിക്കും. സുഹൃത്തുക്കളായ മൂന്ന് യുവതികളടക്കം ആറ് പേരാണ് കോടതിയെ സമീപിച്ചിട്ടുള്ളത്.