ആഭ്യന്തരം വിട്ടൊരു കളിക്കില്ല; ഉറച്ചുപറഞ്ഞ് ഷിന്‍ഡെ; മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പ്രതിസന്ധിയില്‍
ഏകനാഥ്ഷിന്‍ഡെ നിസഹകരണം തുടങ്ങിയതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വീണ്ടും പ്രതിസന്ധിയില്‍. മുഖ്യമന്ത്രിപദം വിട്ടു നല്‍കുന്നതിന് പകരമായി ആഭ്യന്തര വകുപ്പ് വേണമെന്ന് കടുംപിടുത്തം തുടരുകയാണ് ഷിന്‍ഡെ. തര്‍ക്കപരിഹാരം ആവാത്തതിനാല്‍ സത്യപ്രതിജ്ഞ പ്രതിസന്ധിയിലായി.
വോട്ടെണ്ണല്‍ കഴിഞ്ഞ് ആറാം ദിവസവും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച എങ്ങും എത്തിയില്ല. മുഖ്യമന്ത്രിപദം ഫഡ്നാവിസിന് തന്നെ നല്‍കാമെന്ന് ധാരണയായിട്ടുണ്ടെങ്കിലും മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജന കാര്യത്തിലാണ് കടുത്ത തര്‍ക്കം. ആഭ്യന്തരവകുപ്പിന് ചൊല്ലി ബിജെപിയും ശിവസേനയും കടുംപിടുത്തം തുടരുന്നു. ധനകാര്യ വകുപ്പില്‍ അജിത് പവാറും ഉറച്ചു തന്നെയാണ് . ആവശ്യങ്ങള്‍ അംഗീകരിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് മട്ടിലാണ് ഷിന്‍ഡെ. ഇന്നലെ മുന്നണി യോഗം വിളിച്ചിരുന്നെങ്കിലും പങ്കെടുക്കാതെ അദ്ദേഹം സത്താരയിലേക്ക് പോയി.
ചര്‍ച്ചകളിലേക്ക് മടക്കി കൊണ്ടുവന്നാലേ നേരത്തെ നിശ്ചയിച്ചത് പോലെ ഡിസംബര്‍ 5 നകം സത്യപ്രതിജ്ഞ നടക്കൂ. അതേസമയം ദേവേന്ദ്ര ഫഡ് നാവിസിന് പകരമായി തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോല്‍ തള്ളി.