മരിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍; വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഒരേസമയം കൈപ്പറ്റുന്നു; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവര്‍ക്ക് അടക്കം ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഒരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്നവരുണ്ടെന്നും കണ്ടെത്തലുണ്ട്. സി&എജി റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍. 2023 സെപ്റ്റംബര്‍ മാസത്തിലാണ് ഇത്തരമൊരു സി&എജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത്.
മരണപ്പെട്ടവരുടെ പേര് നീക്കം ചെയ്യാതെ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചവരുടെ പട്ടികയിലെ 4039 എണ്ണത്തില്‍ 1698 ലും പെന്‍ഷന്‍ വിതരണം ചെയ്തു. ഇതില്‍ മാത്രം 2.63 കോടി രൂപയാണ് നഷ്ടം. നേരിട്ട് വീടുകളില്‍ എത്തി പെന്‍ഷന്‍ വിതരണം ചെയ്തതിലാണ് കൂടുതല്‍ ക്രമക്കേട്.
വിധവാ പെന്‍ഷന്‍ വിതരണത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഓരേസമയം വിധവ പെന്‍ഷനും, അവിവാഹിതര്‍ക്കുള്ള പെന്‍ഷനും വാങ്ങുന്നവരുണ്ടെന്ന് കണ്ടെത്തല്‍. ഇത്തരത്തില്‍ 13 കേസുകളാണ് കണ്ടെത്തയിത്. ക്രമവിരുദ്ധമായി വിധവാ പെന്‍ഷനും വിതരണം ചെയ്തു. വിധവ പെന്‍ഷന്‍ ക്രമക്കേടില്‍ നഷ്ടം 1.8 കോടി രൂപയാണ്. വിവാഹ മോചിതര്‍ ആകാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടികയില്‍ നിന്ന് നീക്കം ചെയ്തവര്‍ക്കും പെന്‍ഷന്‍ നല്‍കികൃത്യമായ നിരീക്ഷണം ഇല്ലാതെ വിതരണം ചെയ്തതില്‍ 4.06 കോടി രൂപ നഷ്ടപ്പെട്ടു.
അതേസമയം, ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് യോഗം. ധനവകുപ്പ്,തദ്ദേശ വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. വകുപ്പ് സെക്രട്ടറിമാരും യോഗത്തിലുണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയില്‍ കൈയിട്ടു വാരിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് വേണ്ടിയാണ് യോഗം വിളിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചേക്കും.