Friday, November 29, 2024
Latest:
NationalTop News

സംഭാല്‍ ജമാ മസ്ജിദിലെ സര്‍വെ തടഞ്ഞ് സുപ്രിംകോടതി; അക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു

Spread the love

ഉത്തര്‍പ്രദേശ് സംഭാല്‍ ജമാ മസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയ വിചാരണ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ഇടപ്പെട്ട് സുപ്രീംകോടതി. സര്‍വ്വേ നടപടികള്‍ സുപ്രീംകോടതി തടഞ്ഞു. ഹര്‍ജിക്കാരോട് ഹൈക്കോടതി സമീപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ഹര്‍ജി പരിഗണിക്കും വരെ നടപടി ഉണ്ടാകരുതെന്ന് വിചാരണ കോടതിയോട് സുപ്രിംകോടതി. അതിനിടെ സംഭാലിലെ അനിഷ്ട സംഭവങ്ങളില്‍ അന്വേഷണം നടത്താന്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു.

ഷാഹി ജുമ മസ്ജിദിലെ സര്‍വ്വേക്കെതിരെ മുസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി സംഭാലില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. പ്രശ്‌നപരിഹാരത്തിനായി സമാധാന സമിതി രൂപീകരിക്കാനും ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട സര്‍വ്വേയ്ക്ക് ഉത്തരവിട്ട വിചാരണ കോടതിയുടെ നടപടി ജനദ്രോഹപരം എന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി വിചാരണ കോടതിയുടെ നടപടികള്‍ തടഞ്ഞു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ഹൈക്കോടതി കേസ് പരിഗണിക്കും വരെ വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു.

സംഭാലില്‍ ഉണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ അന്വേഷണത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ദേവേന്ദ്രകുമാര്‍ അറോറ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. സംഘര്‍ഷം ആസൂത്രിതമാണോ എന്ന് കമ്മീഷന്‍ പരിശോധിക്കും. രണ്ടുമാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സംഭാലിലെ അനിഷ്ട സംഭവങ്ങളില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.