KeralaTop News

ബുദ്ധിമുട്ടുകളില്ലാതെ അയ്യപ്പ ​ദർശനം; ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

Spread the love

ശബരിമലയിൽ 12 ദിവസം കൊണ്ട് 9 ലക്ഷം ഭക്തർ എത്തി. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 3.5 ലക്ഷം ഭക്തർ അധികമെത്തിയെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി. 12 ദിവസം കൊണ്ട് 5.89 കോടി അധിക വരുമാനമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.

ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. വയോജനങ്ങളും ഭിന്നശേഷിക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. ഈ സൗകര്യം തീർത്ഥാടകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.