KeralaTop News

ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

Spread the love

ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു.

ദൂര പരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ അറിയിച്ചു. എങ്കിൽ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി പറഞ്ഞു.

ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നും ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം വേണ്ടെന്ന് വിദഗ്ധർ അഭിപ്രായപെടുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ആന പ്രേമികൾ ചങ്ങലയിൽ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു. നാട്ടാനകളുടെ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്നലെയും ആന എഴുന്നള്ളത്തുമായി ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല.അനിവാര്യമായ ആചാരമല്ലെങ്കിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എഴുന്നള്ളിപ്പിന് ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലം കർശനമായിത്തന്നെ പാലിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.