മല്ലപ്പള്ളി പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം തടഞ്ഞ് സർക്കാർ
മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച കേസിൽ മന്ത്രി സജി ചെറിയാനെതിരായ തുടരന്വേഷണം വേണ്ടെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി സർക്കാർ. സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും വരെ കാത്തിരിക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ തുടരന്വേഷണം വേണമെന്നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. സജി ചെറിയാന് അനുകൂലമായ അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി തീരുമാനം. മറുഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതിനാൽ സത്യസന്ധനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറാണെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവി ഇന്നലെ സർക്കാരിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് സർക്കാർ ഇടപ്പെട്ട് അന്വേഷണം തടഞ്ഞത്.പാർട്ടി അനുമതി നൽകിയ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സജി ചെറിയാൻ ഡിവിഷൻ ബെഞ്ചിനെ ഉടൻ സമീപിച്ചേക്കും. ഒരാഴ്ച പിന്നിട്ടിട്ടും അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധ ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല .
അതേസമയം, മന്ത്രിക്കെതിരായ തുടരന്വേഷണം തടഞ്ഞതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.ഭരണഘടന വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ചാണ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയും ചെയ്തു.