വൈസ് ചാൻസലർമാരെ നിയമിച്ചത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ, അധികാര പരിധിയിൽ നിന്നാണ് പ്രവർത്തിക്കുന്നത്; ഗവർണർ
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർമാരെ നിയമിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്നു, അതിന് ശേഷമാണ് നിയമനങ്ങൾ നടത്തിയിരിക്കുന്നത്. വി സി നിയമനത്തിൽ തനിക്ക് പൂർണ്ണ അധികാരം ഉണ്ടെന്നാണ് വിധി.
സംശയമുള്ളവർക്ക് വിധി വായിച്ചു നോക്കാമെന്നും അധികാരപരിധിയിൽ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത് . കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന്റെ കാര്യത്തിലും സമാനമായ വിധിയാണ് വന്നത്. മന്ത്രിയുമായി താൻ ഇപ്പോൾ തർക്കിക്കാനില്ല.സർക്കാരിന് എതിരഭിപ്രായം ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിച്ചോട്ടെയെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണറുടെ ഉത്തരവിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസി യായി പ്രൊഫ കെ ശിവപ്രസാദും, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോക്ടർ സിസ തോമസും ചുമതല ഏറ്റെടുത്തു. ഇടതു സംഘടനപ്രവർത്തകരുടെയും എസ്എഫ്ഐയുടെയും പ്രതിഷേധങ്ങൾക്കിടയായിരുന്നു കെ. ശിവപ്രസാദ് ചുമതല ഏറ്റെടുത്തത്. ഗവർണറുടെ ഉത്തരവ് ലഭിച്ചത് പ്രകാരം കുസാറ്റ് വിസി യുടെ അനുമതി വാങ്ങിയാണ് ചുമതല ഏറ്റെടുക്കുന്നതെന്നും, പ്രവർത്തിക്കുന്നതിൽ പേടിയില്ലെന്ന് ശിവപ്രസാദും, മികച്ച പ്രവർത്തനം നടത്താൻ ശ്രമിക്കുമെന്ന് സിസാ തോമസും പ്രതികരിച്ചു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി സിസ തോമസ് രാവിലെ 11 മണിയോടെ ചുമതലയേറ്റു. സാങ്കേതിക സർവകലാശാലയിലെ പ്രതിഷേധങ്ങൾ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായില്ല. വി സി നിയമനത്തിനെതിരെ നിയമ നടപടിയും ഗവർണർക്കെതിരെ പരസ്യ പ്രതിഷേധങ്ങൾക്കുമാണ് സി പി എം നീക്കം.