സങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനം; ‘ഗവർണറുടെ നടപടി ചട്ടങ്ങൾ ഏകപക്ഷീയവും ചട്ടലംഘനവും’; CPIM
സങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനം ഗവർണറുടെ നടപടി ചട്ടങ്ങൾ ഏകപക്ഷീയവും ചട്ടലംഘനവും എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്. ചാൻസലർ കൂടിയായ ഗവർണർ കോടതി നിർദേശങ്ങളെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചു. സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സംസ്ഥാന സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് മാത്രമേ ചാൻസിലറെ നിയമിക്കാൻ കഴിയൂവെന്ന് സിപിഐഎം പ്രസ്താവനയിൽ പറയുന്നു.
സർക്കാർ കൊടുത്ത പട്ടിക പരിഗണിക്കാതെ ഗവർണർ തന്നിഷ്ടപ്രകാരം നിയമനങ്ങൾ നടത്തിയെന്ന് സിപിഐഎം വിമർശിച്ചു. ഹൈക്കോടതി വിധി ലംഘിച്ച് വിസിമാരെ നിയമിച്ചത് ധിക്കാരവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഐഎം. ഗവർണർ സർവകലാശാലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുവെന്ന് സിപിഐഎം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സംഘപരിവാർ താല്പര്യങ്ങൾ മാത്രം ലക്ഷ്യം വെച്ച് വിസിമാരെ അടിച്ചേൽപ്പിക്കുന്ന രീതി അംഗീകരിക്കാൻ ആകില്ലെന്ന് സിപിഐഎം പ്രസ്താവനയിൽ വ്യക്തമാക്കി.
ഡോ. കെ. ശിവപ്രസാദിനെയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതലയിൽ നിയമിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം പ്രൊഫസറാണ് ഡോ. ശിവപ്രസാദ്. പുതിയ വിസിയെ നിയമിക്കുന്നത് വരെ ഡോ ശിവപ്രസാദിന് കെ.ടി.യു വൈസ് ചാൻസലറുടെ ചുമതല വഹിക്കാം. സ്ഥിരം വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണർ താൽക്കാലിക വിസിയെ നിയമിച്ചത്.