അന്വേഷണം പേരിന് മാത്രം, പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാൾ’; നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള ആളെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. കേസിൽ വിശദവാദം കേൾക്കുന്നതിന് അടുത്തമാസം ആറിലേക്ക് മാറ്റി.
രാവിലെ കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി നിർദേശമുണ്ട്.
അതേസമയം കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എസ്‌ഐടി അന്വേഷണം പൂര്‍ത്തിയാക്കട്ടെയെന്നും കുറ്റപത്രം നല്‍കിയാലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.