KeralaTop News

പി സി ചാക്കോയെ NCP സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം; ശരത് പവാറുമായുള്ള കൂടിക്കാഴ്ച ഇന്ന്

Spread the love

ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്ന എൻ സി പി സംസ്ഥാന ഘടകത്തിൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുകയാണ്. പകരം മന്ത്രിസ്ഥാനം ലഭിച്ചാലും ഇല്ലെങ്കിലും എ കെ ശശീന്ദ്രൻ രാജി വെച്ചേതീരു എന്ന നിലപാടിലാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. എന്നാൽ ദേശിയ വർക്കിങ്ങ് പ്രസിഡൻറ് സ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും ഒരുമിച്ച് കൊണ്ടുനടക്കുന്ന പി സി ചാക്കോയെ മാറ്റണമെന്നാണ് എ കെ ശശീന്ദ്രൻ പക്ഷത്തിൻെറ ആവശ്യം. ആവശ്യം ഔദ്യോഗികമായി ദേശീയ നേതൃത്വത്തെ അറിയിക്കുന്നതിൻെറ ഭാഗമായി എ കെ ശശീന്ദ്രൻ ഇന്ന് ശരത് പവാറിനെ കാണും. ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച. അധ്യക്ഷ സ്ഥാനം തെറിക്കാനുളള സാധ്യത മുന്നിൽകണ്ട് വിശ്വസ്തനായ പി എം സുരേഷ് ബാബുവിനെ അധ്യക്ഷനാക്കാൻ ചാക്കോയും ബദൽ നീക്കം തുടങ്ങിയിട്ടുണ്ട്.

ചാക്കോയുമായി അകന്ന തോമസ് കെ തോമസ് എംഎൽഎയും ഇപ്പോൾ ശശീന്ദ്രനൊപ്പമാണ്. തോമസ് കെ തോമസിനെ അധ്യക്ഷനാക്കാനാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ആലോചന. പി സി ചാക്കോയെ മാറ്റുന്നതിൽ ദേശീയ നേതൃത്വത്തിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ പാർട്ടി ജനറൽ ബോഡി വിളിച്ച് പുറത്താക്കാനാണ് നീക്കം. നിയമസഭാ കമ്മിറ്റിയുടെ ടൂർ കഴിഞ്ഞ് ഈമാസം 30ന് കേരളത്തിൽ തിരിച്ചെത്തുന്ന ശശീന്ദ്രൻ അടുത്ത ദിവസങ്ങളിൽ തന്നെ ജനറൽ ബോഡി വിളിക്കും. എന്നാൽ ഇതേപ്പറ്റി പരസ്യമായി പ്രതികരിക്കാൻ ശശീന്ദ്രൻ വിസമ്മതിച്ചു.

സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ പിസി ചാക്കോയും ബദൽ നീക്കങ്ങളുമായി സജീവമാണ് അധ്യക്ഷ പദവി ഒഴിയേണ്ടി വന്നാൽ വിശ്വസ്തനായ പി എം സുരേഷ് ബാബുവിനെ പ്രസിഡന്റാകാനാണ് ചാക്കോയുടെ നീക്കം.

അതേസമയം, മന്ത്രിമാറ്റം പാർട്ടിയിൽ ഗുരുതരമായ വിഷയമല്ല ലളിതമായ ഒരു കാര്യമാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.സത്യപ്രതിജ്ഞ ചെയ്ത അന്നുമുതൽ പെട്ടി തയ്യാറാക്കിയിരിക്കുന്ന ആളാണ് താൻ. മന്ത്രിസ്ഥാനത്തിനായി തൂങ്ങുന്നതേ ഇല്ല. മന്ത്രിമാറണം എന്ന് പാർട്ടി പറഞ്ഞാൽ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.