ഗർഭിണിയായ വിദ്യാർത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്പിൾ പരിശോധിക്കും
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാർത്ഥിനി പഠിച്ച സ്കൂളിൽ കെഎസ്‌യു പ്രവർത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‍യുവിന്‍റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം.
കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.. ഡിഎൻഎ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാൽ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കേസിൽ ഇന്നലെ പോക്സോ വകുപ്പ് കൂടി പൊലീസ് ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്ഐആറിന് പുറമെയാണ് പുതിയ എഫ്ഐആർ എടുത്തിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗർഭം ഒഴിവാക്കാൻ പെൺകുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. പെൺകുട്ടി ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പൊലീസ് പരിശോധിക്കും.