മഹാരാഷ്ട്രയില്‍ അഞ്ച് ലക്ഷം അധിക വോട്ടുകള്‍? റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മിഷന്‍; അത് പോസ്റ്റല്‍ വോട്ടെന്ന് വാദം
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ അന്തരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത കുറിപ്പിറക്കി
പോള്‍ ചെയ്യപ്പെട്ട വോട്ടുകളെക്കാള്‍ 5 ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്നാണ് ദി വയറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ചില മണ്ഡലങ്ങളില്‍ വോട്ടെണ്ണം കൂടിയെന്നും ചിലയിടത്ത് കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഇവിഎം വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും വേര്‍തിരിച്ചാണ് പറയാറുള്ളത്.റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ച 5 ലക്ഷം അധിക വോട്ടുകള്‍ പോസ്റ്റല്‍ വോട്ടുകളാണെന്നാണ് വിശദീകരണം.
288 മണ്ഡലങ്ങളിലുമായി ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം എണ്ണിയത് 6,45,92,508 വോട്ടുകളാണ്. ഈ വ്യത്യാസം എങ്ങനെ വന്നെന്ന ചോദ്യമാണ് ദി വയര്‍ മുന്നോട്ടുവച്ചിരുന്നത്. നവാപുര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ലഭിച്ചത് 240022 വോട്ടുകളാണ്. എന്നാല്‍ എണ്ണിയത് 241193 വോട്ടുകളാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇതുപോലെ തന്നെ മാവല്‍ മണ്ഡലത്തില്‍ 280319 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ എണ്ണിയത് 279081 വോട്ടുകള്‍ മാത്രമാണ്. വരും ദിവസങ്ങളില്‍ പ്രതിപക്ഷം റിപ്പോര്‍ട്ട് വിവാദമാക്കാനാണ് സാധ്യത.