തിരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിൽ എന്ത് ലോജിക്ക്, അങ്ങനെയെങ്കിൽ പിണറായി വിജയനും വെക്കണം’; പ്രകാശ് ജാവഡേക്കർ
ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ തള്ളി കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ. ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്ന് ജാവഡേക്കർ തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് തോൽവികളുടെ പേരിൽ പിണറായി വിജയൻ രാജിവയ്ക്കണം. മഹാരാഷ്ട്ര, ഹരിയാന തോൽവികളുടെ പേരിൽ മല്ലികാർജുൻ ഗാർഖെയും രാജിവെക്കേണ്ടതാണ്. ഇത്തരം വാർത്തകൾ തീർത്തും അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും അഭ്യൂഹം പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹം നേരത്തെ നടത്തിയ പ്രതികരണങ്ങളിൽ വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഉണ്ടാകും. ജനങ്ങൾ ബിജെപി ഉറ്റുനോക്കുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തിഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഇന്ന് രാവിലെ മുതൽ സി കൃഷ്ണകുമാറിനും സംസ്ഥാന അധ്യക്ഷനും എതിരെ പലരും കടുത്ത പ്രതികരണങ്ങളുമായി എത്തിയിരുന്നു. പരിധിവിട്ടുപോയ ഇത്തരം പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബിജെപി കേന്ദ്ര നേതൃത്വം. നാളെ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകരുടെ യോഗം കൊച്ചിയിൽ നടക്കുന്നുണ്ട്. ഈ യോഗത്തിൽ ഉപതിരഞ്ഞെടുപ്പിലെ തോൽവിയും ചർച്ചയാകും എന്നകാര്യത്തിൽ ഒരു സംശയവും ഇല്ല.