KeralaTop News

അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു

Spread the love

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. പോലീസ് നൽകിയ കസ്റ്റഡി അപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരി​ഗണിച്ചത്.

മൂന്നു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതുവരെയുള്ള അന്വേഷണത്തിൽ കോളേജ് അധികൃതർക്കും വീഴ്ച പറ്റിയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി പീഡന നിരോധന നിയമം ചുമതത്തുന്ന കാര്യം വിശദമായ അന്വേഷണത്തിനുശേഷം തീരുമാനിക്കും. അമ്മുവിന്റെ സഹപാഠികളുടെ മൊഴി വരും ദിവസങ്ങളിൽ വിശദമായി രേഖപ്പെടുത്തും. അമ്മുവിന്റെ മൊബൈൽ ഫോണിന്റെ ഉൾപ്പെടെ ഡിജിറ്റൽ പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചശേഷം ആയിരിക്കും തുടർനടപടികൾ.

പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത , കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ കൊട്ടാരക്കര സ്പെഷ്യൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതേസമയം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാറിനെ സമീപിക്കും. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് അമ്മു എ സജീവ് എൻഎസ്എസ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്.