KeralaTop News

വയനാട് പ്രചാരണത്തിലെ സിപിഐഎം അസാന്നിധ്യത്തെ ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി; വോട്ട് കുറഞ്ഞതില്‍ കടുത്ത അതൃപ്തി

Spread the love

ഉപതെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ വയനാട് പ്രചാരണത്തിലെ സിപിഐഎം അസാന്നിധ്യത്തെ ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് പരാജയത്തിനപ്പുറം വോട്ടു കുറഞ്ഞതില്‍ കടുത്ത അതൃപ്തിയിലാണ് സിപിഐ. ഇടതുപക്ഷത്തിനു ലഭിക്കേണ്ട കുറേ വോട്ടുകള്‍ പോള്‍ ചെയ്യാതെ പോയെന്നു വയനാട്ടിലെ സ്ഥാനാര്‍ഥിയായിരുന്ന സത്യന്‍ മൊകേരിയും പ്രതികരിച്ചു.

വയനാട്ടില്‍ പരാജയം ഉറപ്പായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിക്കെതിരെ ആനി രാജയ്ക്ക് കിട്ടിയതില്‍ 71616 വോട്ടുകളാണ് ചോര്‍ന്നു പോയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. പ്രചാരണ റാലികളിലും പ്രവര്‍ത്തനത്തിലും സിപിഐഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പങ്കെടുത്തത് പകുതിയില്‍ താഴെ ആളുകളാണെന്നും സിപിഐ വിലയിരുത്തുന്നു. ഗൃഹസമ്പര്‍ക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.തോല്‍ക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമോ എന്ന് ചിന്തിച്ച് വോട്ട് ചെയ്യാത്തവരുണ്ടെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സത്യന്‍ മൊകേരി പറഞ്ഞു.

വിജയ സാധ്യതയില്ലാത്ത മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവായ സത്യന്‍ മൊകേരിയേ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഐക്കുള്ളിലും വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. ബിജെപി ചെയ്തത് പോലെ യുവനിരയെ ഇറക്കി ഭാവിയിലക്ക് സജ്ജമാകണമായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.