Sunday, November 24, 2024
Latest:
KeralaTop News

‘സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിരുന്നു, ഞങ്ങള്‍ മുന്നോട്ടുവച്ചത് രണ്ട് നിബന്ധനകള്‍’; സ്ഥിരീകരിച്ച് ബിനോയ് വിശ്വം

Spread the love

സന്ദീപ് വാര്യരുമായി സിപിഐ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചര്‍ച്ചയില്‍ സിപിഐ കുറച്ച് വ്യവസ്ഥകള്‍ മുന്നോട്ടുവച്ചെന്നും ആശയപരമായ മാറ്റമാണെങ്കില്‍ സംസാരിക്കാമെന്നും പറഞ്ഞെന്ന് ബിനോയ് വിശ്വം സ്ഥിരീകരിച്ചു. പാര്‍ട്ടിയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാന്‍ പാടില്ലെന്ന് തങ്ങള്‍ സന്ദീപിനോട് പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനമല്ലാതെ സന്ദീപിനെപ്പോലെ ഒരാള്‍ക്ക് നല്‍കാന്‍ സിപിഐയ്ക്ക് ഒന്നുമില്ലെന്ന് സന്ദീപുമായി സംസാരിച്ച വേളയില്‍ തങ്ങള്‍ വ്യക്തമാക്കിയിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. സന്ദീപ് എന്തുകൊണ്ടാണ് പിന്നീട് തീരുമാനം എടുക്കാതിരുന്നതെന്ന് അറിയില്ല. മുന്‍പ് സിപിഐയുമായി ചര്‍ച്ചകള്‍ നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ സന്ദീപ് വാര്യര്‍ അതിനെ തള്ളി രംഗത്തെത്തിയിരുന്നു.

ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടി മാറുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിനോയ് വിശ്വം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. താന്‍ ഏതെങ്കിലും വ്യക്തിയെക്കുറിച്ചല്ല ഇത് പറയുന്നത്. കൂടുമാറ്റത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. പാര്‍ട്ടി മാറ്റം ആകാമെങ്കിലും രാഷ്ട്രീയം പരമപ്രധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഏറെക്കാലത്തിന് ശേഷം സിപിഐഎം-സിപിഐ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ ചേര്‍ന്നതിനിടെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. യോഗത്തില്‍ കേരളത്തിലെ അഭിപ്രായ ഭിന്നതകള്‍ ഉള്‍പ്പെടെ ചര്‍ച്ചയായെന്നാണ് സൂചന.