എ ക്ലാസ് മണ്ഡലത്തിലെ പരാജയം; ഭരണമുള്ള നഗരസഭയിൽ വോട്ട് കുറഞ്ഞു; പാലക്കാട് ബിജെപിയ്ക്ക് പിഴച്ചതെവിടെ?
എ ക്ലാസ് മണ്ഡലത്തിലെ തോൽവി മാത്രമല്ല ബിജെപിയെ അലട്ടുന്നത്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പായിട്ട് കൂടി വോട്ടിലുണ്ടായ ചോർച്ച പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടും. ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
തുടക്കം മുതൽ കല്ലുകടിയായിരുന്നു ബിജെപിയിൽ. ശോഭാ സുരേന്ദ്രന് വേണ്ടി ദേശീയ കൗൺസിൽ അംഗമടക്കം നേരിട്ട് ഗോദയിൽ ഇറങ്ങിയപ്പോൾ തന്നെ പാളയത്തിൽ പടയാരംഭിച്ചു. എൻ ശിവരാജനെ വിലക്കിയിട്ടും പ്രശ്‌നങ്ങൾ തീർന്നില്ല. പ്രചരണത്തിലെ മെല്ലപ്പോക്ക് ചർച്ചയായി. സ്ഥിരം ഒരു സ്ഥാനാർത്ഥിയെന്ന ലേബലും, വോട്ടല്ല, നോട്ടിലാണ് കണ്ണെന്ന ആരോപണങ്ങളും സി കൃഷ്ണകുമാറിന് തിരിച്ചടിയായി. മൂത്താൻ സമുദായം കൈവിടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായിട്ടില്ല.
എ ക്ലാസ് മണ്ഡലത്തിലെ നാണം കെട്ട തോൽവിക്ക് നേതാക്കൾ മറുപടി പറയേണ്ടി വരും. വോട്ട് കുറഞ്ഞത് പുരിശോധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർഥി സി കൃഷ്ണകുമാറും. തിരഞ്ഞെടുപ്പ് നിയന്ത്രണം പൂർണ്ണമായി കെ സുരേന്ദ്രന്റെ കയ്യിലായിരുന്നു. വിജയസാധ്യതയുളള മറ്റ് സ്ഥാനാർത്ഥികളെ പരിഗണിക്കാത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അപ്തിയുണ്ട്. ഇതിനുളള മറുപടി കൂടി സുരേന്ദ്രൻ നൽകേണ്ടി വരും
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് കുറഞ്ഞത്,സന്ദീപ് വാര്യരുടെ സാന്നിധ്യവും അവസാനഘട്ടത്തിൽ ബിജെപിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ശക്തിമേഖലയിലെ തോൽവിയിൽ ഇനിയെന്ത് നടപടിയെന്നാണ് കണ്ടറിയേണ്ടത്.