KeralaTop News

മഴവിൽ സഖ്യം വിചിത്രമായ പ്രതികരണം, കേട്ടാൽ ആളുകൾ ചിരിക്കും’; എം വി ഗോവിന്ദന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

Spread the love

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ‘മഴവിൽ സഖ്യ’ പരാമർശത്തിൽ മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ രാഹുലിന്റെ തകർപ്പൻ ജയത്തെ ചെറുതാക്കാനുള്ള ശ്രമമാണ് എം വി ഗോവിന്ദൻ നടത്തിയത്. ജനവിധിയെ മോശമാക്കുന്ന പ്രതികരണമാണത്, മഴവിൽ സഖ്യമെന്നത് വിചിത്രമായ പ്രതികരണമാണെന്നും ആളുകൾ കേട്ടാൽ ചിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

ചേലക്കരയിൽ എൽഡിഎഫ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, കുത്തനെ വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ഭരണവിരുദ്ധ തരംഗമുണ്ട്. ചേലക്കരയിൽ യുഡിഎഫിന് വിജയത്തിൽ എത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഈ ട്രെൻഡിൽ വിജയിക്കാമായിരുന്നു. മൂന്നാം സർക്കാർ വരുമെന്ന് പറയാൻ സിപിഐഎമ്മിന് കഴിയില്ലെന്നും അതൊക്കെ പിടിച്ചുനിൽക്കാൻ പറയുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സുപ്രഭാതത്തിലെ പരസ്യം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, പരസ്യം കൊടുത്തിട്ടും കാര്യമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പത്രപരസ്യം വിഷലിപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ SDPI യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പങ്ക് അവർ തന്നെ പ്രകടനം നടത്തി തെളിയിച്ചു. പാലക്കാട്‌ പ്രവർത്തിച്ചത് മഴവിൽ സഖ്യമാണ്.ന്യൂനപക്ഷ വർഗീയതയുടെയും ഭൂരിപക്ഷ വർഗീയതയുടെയും ചേർന്നുള്ള പ്രവർത്തനമാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമായത് എന്നായിരുന്നു തിരഞ്ഞെടുപ്പ് അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം എം വി ഗോവിന്ദന്റെ പ്രതികരണം. ചേലക്കരയിലെ വിജയം കേരള രാഷ്ട്രീയം എങ്ങോട്ടേക്കെന്ന ദിശാബോധം നൽകുന്ന വിധിയാണെന്നും ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ സീറ്റ് നിലനിർത്താനായെന്നും അദ്ദേഹം പറഞ്ഞു.